തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ തീപൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വീടൊരുങ്ങി. രാജന്-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനുമായി നിര്‍മിച്ചു നല്കിയ വീടിന്റെ പാലുകാച്ച് നാളെ നടക്കും.
ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടനയാണ് വീട് നിര്‍മിച്ചു നല്‍കിയത്. മാര്‍ച്ച് 22നായിരുന്നു തറക്കല്ലിട്ടത്. മൂന്ന് സെന്റില്‍ 600 ചതുരശ്ര അടിയിലാണ് വീട് നിര്‍മിച്ചത്. നാളെ രാവിലെ പത്ത് മണിക്കാണ് പാലുകാച്ച് നടക്കുന്നത്.
2020 ഡിസംബര്‍ 22നാണ് നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനും അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ചത്. ദമ്പതികളുടെ മരണത്തെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് വീട് നിര്‍മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. വീട് നിര്‍മിക്കാനായി പത്ത് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനിന്നതിനാല്‍ നിര്‍മാണം നടന്നില്ല. ഒരു വര്‍ഷം കഴിഞ്ഞും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ‘ഫിലോകാലിയ’ ഇടപെടുകയായിരുന്നു. സംഘടനയുടെ ‘കൂട്’ എന്ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന 31-ാമത്തെ വീടാണിത്.