ബ്രസീൽ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിന്യോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക്. ബാഴ്സലോണ താരമായ കുട്ടിന്യോ വായ്പാടിസ്ഥാനത്തിലാണ് വില്ലയിലേക്ക് കൂടുമാറുന്നത്. താരം ഇന്ന് ഇംഗ്ലണ്ടിലെത്തുമെന്നും കരാർ നടപടികൾ പൂർത്തിയാക്കുമെന്നും റിപ്പോർട്ടുണ്ട്.
2013 മുതൽ ആറു വർഷത്തോളം ലിവർപൂളിന്റെ പ്രധാന താരമായിരുന്നു കുട്ടിന്യോ. പിന്നീട് 2018-ൽ കൂടുമാറി ബാഴ്സയിലെത്തിയെങ്കിലും സ്പാനിഷ് തട്ടകത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 2019-20 സീസണിൽ ബാഴ്സയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് പോയ താരത്തെ 2020-ൽ റൊണാൾഡ് കൂമൻ മാനേജറായി ചുമതലയേറ്റതിനു പിന്നാലെ ബാഴ്സ തിരിച്ചുവിളിച്ചിരുന്നു. എന്നാൽ, പരമ്പരാഗത പത്താം നമ്പർ ശൈലിയിൽ കളിക്കുന്ന കുട്ടിന്യോക്ക് ബാഴ്സയോണയുടെ ശൈലിയോട് ഇണങ്ങിച്ചേരാൻ കഴിയാത്തതിനെ തുടർന്ന് ടീമിൽ സ്ഥിരമായ സ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
ലിവർപൂളിനു വേണ്ടി 152 മത്സരങ്ങളിൽ നിന്ന് 41 ഗോളും ബാഴ്സയ്ക്കായി 76 കളിയിൽ നിന്ന് 17 ഗോളും നേടിയ കുട്ടിന്യോയുടെ വരവ് ആസ്റ്റൻ വില്ലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 29-കാരന്റെ വരവോടെ മിഡ്ഫീൽഡ് ശക്തമാകുമെന്നും പോയിന്റ് ടേബിളിലെ ആദ്യ പത്തിനുള്ളിൽ ഫിനിഷ് ചെയ്യാൻ ടീമിനു കഴിയും എന്നുമാണ് കണക്കുകൂട്ടൽ.