പട്ന: ജോലി കിട്ടിയതിന് ശേഷം കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ല എന്ന കാരണം കൊണ്ട് പോലീസുകാരിയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ആര്‍വാല്‍ സ്വദേശിയും ഭഗല്‍പുര്‍ പോലീസില്‍ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്.
കൃത്യം നടത്തിയതിന് പിന്നാലെ ശോഭയുടെ ഭര്‍ത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവ് ഒളിവില്‍പോയി. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് എന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ച പട്നയിലെ ഹോട്ടല്‍മുറിയില്‍ ശോഭാകുമാരിയെ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.നഗ്നമാക്കിയ നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ സിന്ദൂരം വിതറിയ നിലയിലായിരുന്നു.
ക്ലോസ് റേഞ്ചിലാണ് യുവതിക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
അതേസമയം ജോലി കിട്ടിയതിന് ശേഷം ശോഭാകുമാരി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
ഇതിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആറുവര്‍ഷം മുന്‍പാണ് ഗജേന്ദ്രയാദവും ശോഭാകുമാരിയും വിവാഹിതരായത്. കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന ഗജേന്ദ്രയാദവും ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന ശോഭാകുമാരിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ദമ്പതിമാര്‍ക്ക് ഒരുമകളുണ്ട്.
2022-ലാണ് ശോഭാകുമാരി പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് ശോഭാകുമാരി ഭര്‍തൃവീട്ടിലെത്തിയത്. പരിശീലന കാലയളവായതിനാല്‍ ശോഭാ കുമാരിക്ക് അവധി ലഭിക്കാനും പ്രയാസമായിരുന്നു.
ഭഗല്‍പുര്‍ പോലീസില്‍ പരിശീലനത്തിലായിരുന്ന ശോഭാകുമാരിയെ ഏതാനുംദിവസം മുന്‍പാണ് ദുര്‍ഗാപൂജ ഡ്യൂട്ടിയുടെ ഭാഗമായി പട്നയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യയെ കാണാനായി പട്നയിലെത്തിയ ഭര്‍ത്താവ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
വ്യാഴാഴ്ച വൈകിട്ടാണ് ഗജേന്ദ്രയാദവ് പട്നയിലെ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ശോഭാ കുമാരിയും മുറിയിലെത്തി. അല്പസമയത്തിന് ശേഷം ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ഗജേന്ദ്രയാദവ് ഹോട്ടലിന് പുറത്തേക്ക് പോയി.
എന്നാല്‍, പിന്നീട് ഇയാള്‍ തിരികെ എത്തിയില്ല. പിന്നീട് ഇയാളുടെ മുറിയുടെ വാതില്‍ പാതിതുറന്നനിലയില് കണ്ട് ഹോട്ടല്ജീവനക്കാരന് പരിശോധിച്ചതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.