പാട്ട് പാടി മഴപെയ്യിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാല്‍ മഴ ലഭിക്കാന്‍ ഒരാളെ ചെളിയില്‍ കുളിപ്പിച്ചാലോ? അതും എംഎല്‍എയെ. ഉത്തര്‍പ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. മഹാരാജ്ഗഞ്ചിലെ പിപ്രദേറയില്‍ മഴ പെയ്യാനാണ് എംഎല്‍എയെ ജനങ്ങള്‍ ചെളിയില്‍ കുളിപ്പിച്ചത്. ബി.ജെ.പി എം.എല്‍.എ ജയ് മംഗള്‍ കനോജിയയെയും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്സ്വാളിനെയുമാണ് ചെളിയില്‍ കുളിപ്പിച്ചത്.
ഒരാളുടെമേല്‍ ചെളി വാരിയെറിയുകയോ ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം. ഇപ്പോള്‍ ഇന്ദ്രന് സന്തോഷവാനായിരിക്കുമെന്നും മഴ നല്കി അനുഗ്രഹിക്കുമെന്നും എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.
കനത്ത ചൂടു കാരണം ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്ന് എംഎല്‍എ പറഞ്ഞു. വിളകള്‍ കരിഞ്ഞുപോവുകയാണ്. കൊടും വരള്‍ച്ചയാണ്. അതിനാലാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണെന്നും എംഎല്‍എ പ്രതികരിച്ചു.