ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി ഒല. 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഒല തിരിച്ചുവിളിച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മാര്‍ച്ച് 26ന് പൂനെയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കമ്പനി അറിയിച്ചു.
മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ പ്രത്യേക ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ പരിശോധനകള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 1,441 വാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കുകയാണ്. ഈ സ്കൂട്ടറുകള് സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങി പിറ്റേ ദിവസം തന്നെ ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ച് 40 കാരന് മരിച്ചിരുന്നു. ഭാര്യയും മക്കളും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.