ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; മുതലാളിയുടെ ബെന്‍സ് കാറിന് തീയിട്ട് യുവാവ്; വിഡിയോ

ചെയ്ത ജോലിക്ക് കൂലി നല്‍കാത്ത ആളുടെ ബെന്‍സ് കാറിന് തീയിട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ടൈല്‍ പണി ചെയ്തതിന്റെ ഭാഗമായി ബെന്‍സിന്റെ ഉടമ രണ്ട് ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് രണ്‍വീര്‍ എന്ന യുവാവ് ആരോപിക്കുന്നത്. ഇതിന്റെ ദേഷ്യത്തിലാണ് യുവാവ് കാറിന് തീയിട്ടത്.

പണം ആവശ്യപ്പെട്ട് ബെന്‍സ് ഉടമയെ നിരവധി തവണ കണ്ടെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് യുവാവ് കടുംകൈ പ്രയോഗിച്ചത്. രണ്‍വീര്‍ കാറിന് തീയിട്ട് മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ക്യാമറയിലൂടെ ഇയാളെ തിരിച്ചറിഞ്ഞതോടെ പൊലീസ് രണ്‍വീറിനെ അറസ്റ്റ് ചെയ്തു. ബൈത്തിലെത്തിയ രണ്‍വീര്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ച് ബെന്‍സിനടുത്തെത്തി പെട്രോള്‍ ഒഴിച്ച് വണ്ടി കത്തിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, രണ്‍വീറിന് കൊടുക്കാനുണ്ടായിരുന്ന തുക താന്‍ കൈമാറിയിരുന്നുവെന്നാണ് ബെന്‍സ് ഉടമ പറയുന്നത്. യാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.