പണം നഷ്ടപ്പെടുത്തുന്ന ആപ്പുകളെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടാകും. മുന്നറിയിപ്പിനെ തുടര്‍ന്ന് അവ പലതും ഡിലീറ്റ് ചെയ്തിട്ടുമുണ്ടാകും. ഇപ്പോഴിതാ അത്തരത്തിലൊരു മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. അപകടകാരിയായ 35 ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനാണ് നിര്‍ദേശം.വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി – കീബോര്‍ഡ് -100കെ , ഗ്രാന്‍ഡ് വാള്‍പേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് ഉള്‍പ്പെടെയുള്ള 35 ഓളം ആപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ആപ്പുകളില്‍ മാല്‍വെയറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നാല് ആപ്പുകള്‍ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 35 ആന്‍ഡ്രോയിഡ് ആപ്പുകള്‍ കൂടി നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവയില്‍ മാല്‍വെയര്‍ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകള്‍ പോലും ബാക്കിവയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും.
പേരുമാറ്റിയും ഐക്കണ്‍ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയും. പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ അനുവാദം കൂടാതെ ഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം ഇവ പണവും ചോര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ പറയുന്നു.