കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഐപിഎല്ലില്‍ മോശം ഫോം തുടരുന്നതാണ് നിതീഷിനെതിരെ ആഞ്ഞടിക്കാന്‍ ആകാശ് ചോപ്രയെ പ്രേരിപ്പിച്ചത്. ഐപിഎല്‍ മെഗാ ലേലത്തില്‍ എട്ട് കോടിക്കാണ് സ്വന്തമാക്കിയതെന്ന് ഓര്മ വേണമെന്നും അതിന്റെ ഉത്തരവാദിത്തം റാണ കാണിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
കൊല്‍ക്കത്തയുടെ നാല് മത്സരങ്ങളില്‍ നിന്ന് 39 റണ്‍സ് മാത്രമെ റാണക്ക് നേടാനായുള്ളൂ. 21,10,0,8 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മാല് മത്സരങ്ങളിലെ റാണയുടെ സ്കോര്‍ ബോര്‍ഡ്. റാണ മധ്യനിരയില്‍ മികവ് തെളിയിക്കേണ്ടതുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. മികച്ച ഫോമിലല്ലാതിരുന്നിട്ടും മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ചോപ്ര പറഞ്ഞു.
നാല് കളികളില്‍ മൂന്ന് വിജയങ്ങള്‍ കൊല്‍ക്കത്ത നേടിയിട്ടുണ്ടെങ്കിലും എല്ലാ മത്സരങ്ങളിലും അവരുടെ ബാറ്റിംഗ് മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. കെകെആര്‍ ബാറ്റര്‍മാര്‍ തങ്ങളുടെ ഈഗോ മാറ്റിവയ്ക്കണമെന്നും ചോപ്ര നിര്‍ദേശിക്കുന്നു. കൊല്‍ക്കത്ത നായകന് ശ്രേയസ് അയ്യര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.