ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്കാരമായ ലോറസ് അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 എന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് നീരജ് ഇടം നേടിയിരിക്കുന്നത്. നീരജ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ജാവലിൻ താരമായ നീരജ് ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്.
ഇതിനു മുൻപ് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.