വഴക്ക് എന്ന സിനിമയുടെ റിലീസ് തടഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. വഴക്ക് സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗീരീഷ് ചന്ദ്രനും ടൊവിനോയ്ക്കൊപ്പം ലൈവിൽ സംസാരിച്ചു.ഇപ്പോഴിതാ ഇവരുടെ വാദങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് വിശദീകരണം. ‘ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സങ്കടമുണ്ട്. ചില കാര്യങ്ങൾ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു’.’1. എനിക്ക് ‘വഴക്ക്’ സിനിമയിൽ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല. ടോവിനോ തോമസും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളത്. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചത്. ഗിരീഷ് നായരുടെ സുഹൃത്തായ ഷമീർ ആയിരുന്നു പാരറ്റ് മൗണ്ട് പിക്ച്ചേഴ്സിന് വേണ്ടി പണം നിക്ഷേപിച്ചത്’
‘സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ സമയത്ത് ഞാൻ ഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഷമീർ 20 ലക്ഷമേ തന്നുള്ളൂ എന്നും തന്റെ കയ്യിൽ ഇപ്പോൾ പണമില്ല എന്നും ഗിരീഷ് നായർ പറഞ്ഞു. ഏഴു ലക്ഷം രൂപയോളം ആവശ്യമുള്ളതിനാൽ ഞാൻ ടോവിനോ പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ നോക്കിയിരുന്ന അദ്ദേഹത്തിന്റെ അച്ഛനെ സമീപിച്ചു. പറഞ്ഞുറപ്പിച്ച പണം നൽകിയതിനാൽ ഇനി പണം നൽകാനാവില്ല എന്നദ്ദേഹം പറഞ്ഞു. കൂടുതൽ പണം പാരറ്റ് മൗണ്ട് പിക്ച്ചേഴ്സ് ഇൻവെസ്റ്റ് ചെയ്താൽ തുല്യമായ തുക തങ്ങളും ഇൻവെസ്റ്റ് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു’.’സിനിമ പൂർത്തിയാക്കാതെ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന പണം ഞാൻ ഇടുകയായിരുന്നു. എന്റെ കയ്യിൽ ആ സമയത്ത് കയറ്റത്തിലുള്ള എന്റെ അവകാശം എഴുതി നൽകിയതിന് പ്രതിഫലമായി ലഭിച്ച പണമായിരുന്നു ഉണ്ടായിരുന്നത്.
ഞാൻ പണം നിക്ഷേപിച്ചപ്പോൾ ടോവിനോ പ്രൊഡക്ഷൻ 2 ലക്ഷം രൂപ അധികമായി നിക്ഷേപിച്ചു. IFFK യിൽ നിന്നും ലഭിച്ച പണം ഡയറക്ടർക്ക് പകുതി പ്രൊഡ്യൂസർക്ക് പകുതി എന്ന നിലയിൽ വീതിക്കുകയാണുണ്ടായത്. എല്ലാം ഞാനെടുത്തു എന്ന് പറയുന്നത് കളവാണ്’.2. 2022 ൽ വഴക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ എഡിഷനിൽ അല്ല തെരെഞ്ഞെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ India gold എന്ന മത്സരവിഭാഗത്തിൽ ആയിരുന്നു സെലക്ഷൻ. അത് അക്സപ്റ്റ് ചെയ്യുകയും സെലക്ഷൻ സംബന്ധിച്ച മെയിൽ വന്നശേഷം ഫെസ്റ്റിവൽ ഓൺലൈൻ ആക്കുകയാണെന്ന് എന്നെ അവർ അറിയിക്കുകയും ആണുണ്ടായത്’
വഴക്ക് തിയേറ്ററിൽ കാണിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഓൺലൈൻ ഫെസ്റ്റിവലിൽ പങ്കെടുക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. സിനിമ ഓൺലൈൻ ഫെസ്റ്റിവലിൽ കാണിക്കാൻ ടോവിനോ സന്നദ്ധനായിരുന്നു. അങ്ങനെ കാണിച്ചാൽ ലീക്കാകും എന്ന് ഞാൻ പറഞ്ഞത് സത്യമാണ്. പിന്നീട് 2023 ൽ ആ സിനിമ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുകയും ചെയ്തു’.’3. എന്റെ നിസ്സഹകരണം കാരണമാണ് “വഴക്ക്” OTT പ്ലാറ്റ്ഫോമുകളിൽ വരാത്തത് എന്ന് ടോവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ പബ്ലിക് പ്രൊഫൈൽ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടോവിനോ പറയുന്നതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടോവിനോ പറയുന്നുണ്ട്’.’വഴക്ക് പൂർത്തിയായത് 2021 ലാണ്. എന്റെ അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടോവിനോ. എന്നോടിങ്ങനെ ഒരിക്കൽ പോലും നേരിട്ട് ടോവിനോ പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞിരുന്നത് തിയേറ്ററിൽ റിലീസ് ചെയ്താൽ മാത്രമേ OTT കൾ സിനിമ എടുക്കുന്നുള്ളു എന്നാണ്. (കേസുള്ളത് കൊണ്ട് OTT കൾ സിനിമ എടുക്കാത്തത് എന്റെ കാര്യത്തിൽ മാത്രമാണ് എന്നതാണ് അത്ഭുതം)’
എന്തായാലും സിനിമ പുറത്തിറങ്ങുന്നില്ല എന്നത് വാസ്തവമാണ്. ഞാൻ ശ്രമിക്കാത്തത് കൊണ്ടാണ് എന്നത് കളവുമാണ്. തിയറ്ററിൽ റിലീസ് ചെയ്യാൻ സാധ്യത തെളിഞ്ഞപ്പോൾ വിതരണം ചെയ്യാമോ എന്ന് ചോദിച്ച് ഞാൻ സെഞ്ചുറി പിക്ച്ചേഴ്സിനെ സമീപിച്ചിരുന്നു. അവർക്ക് പണം മുടക്കില്ലാത്ത കാര്യമാണെങ്കിൽ വിതരണം ചെയ്യുന്ന കാര്യം അവർ പരിഗണിക്കാം എന്ന് പറയുകയും സിനിമ അവർ കാണുകയും ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ട് അവർ തീരുമാനം മാറ്റി എന്നെനിക്ക് അറിയില്ല’
‘ഒരു കാര്യമുണ്ട് ടോവിനോ, നിങ്ങളെ ആളുകൾ തെറ്റിധരിക്കുമോ ശരിയായി ധരിക്കുമോ എന്നൊക്കെയുള്ള ആശങ്ക കൊണ്ടാണല്ലോ നിങ്ങൾ ഇപ്പോൾ ലൈവിൽ പ്രതികരിച്ചത്. അതിൽ എത്ര കള്ളം എത്ര സത്യം എന്ന് മറ്റാർക്കും അറിയില്ലെങ്കിലും നിങ്ങൾക്ക് അറിയാമല്ലോ അല്ലെ, അതുമതി. നിങ്ങൾക്ക് അറിയാവുന്ന സത്യം ഈ പ്രപഞ്ചത്തിനും അറിയാം. മറ്റുള്ളതൊക്കെ താൽക്കാലികമായ ധാരണകൾ മാത്രം’