കൂട്ടത്തോല്‍വിക്ക് പിന്നാലെ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ദു. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം രാജിവച്ചതായി സിദ്ദു അറിയിച്ചു.
2017 ല്‍ ബിജെപിയില്‍ നിന്നാണ് സിദ്ദു കോണ്‍ഗ്രസിലെത്തിയത്. അമരീന്ദര്‍ സിംഗിനെതിരായ ഹൈക്കമാന്‍ഡ് നീക്കത്തില്‍ തുറുപ്പു ചീട്ട് സിദ്ദു ആയിരുന്നു. അമരീന്ദര്‍ സിംഗ് വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ പടിയിറങ്ങിയപ്പോള്‍ ചന്നിയിലേക്ക് പാര്‍ട്ടി തിരിഞ്ഞതോടെ പിസിസി അധ്യക്ഷ സ്ഥാനം സിദ്ദു വലിച്ചെറിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാന്‍ഡ് അനുനയനീക്കത്തിലൂടെ സിദ്ദുവിനെ തിരിച്ചെത്തിച്ചു.
സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സിദ്ദു ഉള്‍പ്പെടെ അഞ്ച് പിസിസി അധ്യക്ഷന്മാരാണ് രാജിവച്ചത്. പിസിസി അധ്യക്ഷന്മാരുടെ മാത്രം രാജി ആവശ്യപ്പെട്ടതില്‍ പാര്‍ട്ടിയല്‍ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നും അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്.