നവജ്യോത് സിംഗ് സിദ്ദു ജയിലിലേക്ക്; കോടതിയില്‍ കീഴടങ്ങി

റോഡിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. കീഴടങ്ങനാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇന്നലെയാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്. സിദ്ദു ഉടന്‍ കീഴടങ്ങണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിംഗ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാം സിംഗിന്റെ തലയില്‍ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി.

ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് സുപ്രിംകോടതിയില്‍ എത്തി. 2018 ല്‍ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. എന്നാല്‍ ഈ വിധിക്കെതിരെ മരിച്ച ഗുര്‍നാം സിംഗിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി.