രോഗം കരളിനെ ബാധിച്ചു, ഇനി ഒന്നും ചെയ്യാനില്ല – വേദനയിലും തളരാതെ പുഞ്ചിരിച്ചു നന്ദു, കൂട്ടുകാർക്കൊപ്പം നടത്തിയത് ഗോവൻ ട്രിപ്പ്

അർബുദരോഗത്തെ സധൈര്യം നേരിട്ട് കൊണ്ട് മുന്നോട്ടു പോകുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. സമൂഹ മാധ്യമങ്ങൾ വഴി തൻറെ ആരോഗ്യവിവരങ്ങൾ ഇടയ്ക്കിടയ്ക്ക് നന്ദു പങ്കുവയ്ക്കാറുണ്ട്. എത്രയും പെട്ടെന്ന് താരം സുഖം പ്രാപിച്ച് തിരിച്ചു വരാൻ കാത്തിരിക്കുന്നത് നിരവധി ആളുകളാണ്. എന്നാൽ അവരെയൊക്കെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് ഇന്നും നന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അർബുദം കരളിനെ ബാധിച്ചുവെന്നും ഇനി ഡോക്ടർമാർക്ക് ഒന്നും ചെയ്യാനില്ല എന്ന് അറിയിച്ചു എന്നുമാണ് നന്ദു ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിലൊന്നും തളരാൻ താൻ തയ്യാറല്ല എന്ന ഉറച്ച നിശ്ചയത്തിൽ ആണ് നന്ദു. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് ഇപ്പോൾ നന്ദു ഉള്ളത് എന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു. വേദന കടിച്ചമർത്തി കൊണ്ടും വേദനസംഹാരി കഴിച്ചു കൊണ്ടുമാണ് നന്ദു ഇപ്പോൾ ജീവിതം തള്ളിനീക്കി കൊണ്ടിരിക്കുന്നത്.

“കാൻസർ എൻറെ കരളിനെ കൂടി കവർന്നു തുടങ്ങിയിരിക്കുന്നു. ഇനി അധികം ഒന്നും ചെയ്യാനില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഞാൻ വീട്ടിൽ പോയിരുന്നു, പക്ഷേ കരഞ്ഞില്ല. പകരം കൂട്ടുകാരുടെ കൂടെ നേരെ ഗോവയിലേക്ക് പോകുവാൻ തീരുമാനിച്ചു, ഒന്ന് അടിച്ചു പൊളിക്കുവാൻ!” – നന്ദു ഫേസ്ബുക്കിൽ കുറിച്ചു.

“ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ. കൂട്ടുകാരെയും ഒപ്പമിരുത്തി ദൂരയാത്ര പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. അവർ അത് സാധിച്ചു തന്നു. സ്നോ പാർക്കിംഗ് പോയി മഞ്ഞിൽ കളിച്ചു, ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ട് ആസ്വദിച്ചു, ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്തുകൊണ്ടാണ് ഗോവയോട് വിടപറഞ്ഞത്.” – നന്ദു ഫേസ്ബുക്കിൽ കൂട്ടിച്ചേർത്തു.