മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് നജീം കോയ. ഫ്രൈഡേ എന്ന സിനിമയുടെ തിരക്കഥ എഴുതിയത് നജീം കോയ ആയിരുന്നു. നജീം കോയ അടുത്തതായി തിരക്കഥയെഴുതുന്ന ചിത്രമാണ് ചേര. ലിജിൻ ജോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അരുൺ എന്ന വ്യക്തിയാണ് സിനിമയുടെ നിർമ്മാണം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.
നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പോസ്റ്ററിൽ കന്യാമറിയം ആയിട്ടാണ് നിമിഷ സജയൻ പ്രത്യക്ഷപ്പെടുന്നത്. യേശുക്രിസ്തു ആയിട്ടാണ് റോഷൻ മാത്യു പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് എല്ലാം കാരണമായി മാറിയിരിക്കുന്നത്.
എന്നാൽ വിമർശനങ്ങൾ മുഴുവൻ സിനിമയുടെ തിരക്കഥാകൃത്തിന് എതിരെ ആണ് എന്നതാണ് കൗതുകകരം. പതിവുപോലെ ഇവിടെ സിനിമയിലെ ആശയമല്ല, എഴുതുന്ന വ്യക്തിയുടെ മതമാണ് പ്രശ്നം എന്നത് വ്യക്തം. ചേര ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നാണ് ചില ആളുകളുടെ വാദം. മലയാളസിനിമയിൽ അടുത്തിടയായി ക്രൈസ്തവ വിരുദ്ധ പ്രചരിപ്പിക്കുന്നത് ഏറിവരുന്നു എന്നും ഇവർ ആരോപിക്കുന്നു.
ഇതിനിടയിൽ നജീം കോയയുടെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മാലിക് എന്ന സിനിമ ഇറങ്ങിയപ്പോൾ ആയിരുന്നു നജീം കോയ ഈ പോസ്റ്റ് പങ്കുവെച്ചത്. സിനിമയിൽ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് നജീം കോയ അവകാശപ്പെട്ടത്. “ഇടതുപക്ഷത്തെയും ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴിവാക്കിയ മാലിക്, ഇസ്ലാം എന്നാൽ കള്ളക്കടത്തും തോക്കും ലക്ഷദ്വീപിലെ ഒളിവ് ജീവിതവും” – ഇതായിരുന്നു നജീം കോയ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ഇതിൽ നിന്നും എഴുത്തുകാരൻ്റെ ഇരട്ടത്താപ്പ് ആണ് വെളിവാകുന്നത് എന്നാണ് ആരോപണം. ഒരേസമയം മാലിക് എന്ന സിനിമയെ ഇസ്ലാമിക വിരുദ്ധമായി ചൂണ്ടിക്കാണിക്കുകയും അതേസമയം മറ്റൊരു സിനിമയിലൂടെ ക്രൈസ്തവ വിരുദ്ധ പ്രചരിപ്പിക്കുകയുമാണ് നജീം കോയ ചെയ്യുന്നത് എന്നാണ് ചിലരുടെ വാദം. എന്നാൽ ഇതിൽ അടിസ്ഥാനമൊന്നുമില്ല എന്നും സിനിമ ഇറങ്ങുന്നത് വരെ കാത്തിരിക്കണം എന്നുമാണ് വലിയ ഒരു വിഭാഗം ആളുകളുടെയും അഭിപ്രായം.