ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിനുശേഷം സംവിധായകൻ നൗഫൽ ഒരുക്കിയ ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ഹാസ്യ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബിനു തൃക്കാക്കര ആണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും എല്ലാം തന്നെ മുൻപ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനെ സാധൂകരിക്കും വിധം അതല്ലെങ്കിൽ കവച്ചുവയ്ക്കുന്ന രീതിയിൽ ആണ് ചിത്രത്തിൻ്റെ ആകെത്തുകയുള്ള പ്രകടനം എന്ന് പറയാം. പ്രധാന കഥാപാത്രത്തിൽ തുടങ്ങി ചിത്രത്തിൻറെ വ്യത്യസ്തത തുടങ്ങുകയാണ്.
ഒരു ബിംബമായി പ്രേക്ഷക മനസ്സിൽ ഉണ്ടാകുവാൻ ഇടയുള്ള നായക സങ്കല്പങ്ങളെ പൊളിച്ച് എഴുതിയാണ് ചിത്രത്തിൻറെ തുടക്കം തന്നെ. കേരളത്തിലെ ഒരു സാധാരണ നാട്ടിൻപുറത്ത് കാണുവാൻ ഇടയുള്ള കുറച്ച് ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. മധ്യവർഗത്തിൽ ഉൾപ്പെട്ട എന്നാൽ അധ്വാനിക്കാൻ മടിയനായ പക്ഷേ പെട്ടെന്ന് പണം ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ള ഒരു യുവാവ്. ഈയൊരു കഥാപാത്രമാണ് നടൻ ബിനു അവതരിപ്പിക്കുന്നത്. ചില കാരണങ്ങളാൽ തന്റെ പിതാവിനോട് ഇദ്ദേഹത്തിന് ദേഷ്യവും ഉണ്ട്. ഒരിക്കൽ പെണ്ണ് കാണുവാൻ പോകുന്നതും പിന്നീടങ്ങോട്ട് ഉണ്ടാകുന്ന ചില സംഭവവികാസങ്ങളും നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും വിധം ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് സംശയം പറയാം. തുടക്കം തൊട്ട് ഒടുക്കം വരെ ഇടതടവില്ലാതെ ചിരിക്കുവാനുള്ള സന്ദർഭങ്ങൾ എമ്പാടും ചിത്രത്തിൽ ഉണ്ട്.
നായകനായി ആദ്യമായി ചിത്രത്തിൽ അരങ്ങേറുമ്പോൾ ബിനു വേഷം ഗംഭീരമാക്കിയിരിക്കുന്നു. നായികയായി വന്ന ശരണ്യയും പ്രകടനം ഒട്ടും മോശമാക്കിയില്ല. ദിവ്യ എന്ന കഥാപാത്രത്തെ അനായാസമായി തന്നെ ശരണ്യ അവതരിപ്പിച്ചിട്ടുണ്ട്. ഇറങ്ങുന്ന മലയാള സിനിമകളിൽ എല്ലാം നിറസാന്നിധ്യമായ ജാഫർ ഇടുക്കി പതിവുപോലെ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കും എന്നതിൽ സംശയമില്ല. വമ്പൻ താരനിരയുടെ യാതൊരു സഹായവും ഇല്ലാതെ ചിത്രം പ്രേക്ഷകർക്കും മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ സംവിധായകൻ നൗഫലിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിനുവേണ്ടി അതിമനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഫൈസൽ അലിയാണ്. പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗാനങ്ങൾ ഒരുക്കിയത് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്നാണ്.
രണ്ടു മണിക്കൂർ മനസ്സറിഞ്ഞ് ചിരിക്കുവാൻ പ്രേക്ഷകന് സന്ദർഭം ഒരുക്കുന്ന ഒരു സാധാരണ ചിത്രം, അതാണ് മൈ നെയിം ഈസ് അഴകൻ. ഒരു ക്ലീൻ ഫാമിലി എന്റർടൈനർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളെ ഏൽപ്പിച്ച ജോലി വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. മേൽ പരാമർശിച്ച വരെ കൂടാതെ ജോണി ആൻറണി, സുധീ കോപ്പ, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്. നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ബിപിൻ ജോർജ് എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.