വ്യാജ മദ്യമാണ് കഴിച്ചതെന്ന് സംശയിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം നിശ്രയ്ക്കും എക്സൈസ് വകുപ്പിനും പൊലീസിനും പരാതി നല്കി മധ്യവയസ്കന്. ഉജ്ജയിന്‍ ജില്ലയിലെ ബഹാദൂര്‍ ഗഞ്ചില്‍ താമസിക്കുന്ന ലോകേന്ദ്ര സാതിയ എന്നയാളാണ് പരാതിയുമായി ആഭ്യന്തര മന്ത്രി ഉള്‍പ്പടെയുള്ളവരെ സമീപിച്ചത്.
രണ്ട് കുപ്പി മദ്യം കഴിച്ചിട്ടും തനിക്ക് പ്രതീക്ഷിച്ച ലഹരി ലഭിച്ചില്ലെന്നാണ് ലോകേന്ദ്ര സാതിയ പറയുന്നത്. ഏപ്രില്‍ 12 നാണ് ഇയാള്‍ നാല് ക്വാര്‍ട്ടര്‍ ദേശി മദ്യം വാങ്ങിയത്. മായം കലര്‍ന്ന മദ്യത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും അവരാരും തന്റെ പരാതി ചെവിക്കൊണ്ടില്ലെന്നാണ് ലോകേന്ദ്ര പറയുന്നത്. പരാതിക്ക് പരിഗണിക്കാത്ത ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രിക്കയച്ച കത്തില്‍ ഇയാള്‍ ആവശ്യപ്പെട്ടു.
മദ്യത്തിന് അടിമയായ ലോകേന്ദ്ര മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്കിയ ഉടനെ തന്നെ എക്സൈസിനും പരാതി നല്കി. പരാതിക്കൊപ്പം തെളിവിനായി മദ്യത്തിന്റെ സാമ്പിള്‍ സമര്‍പ്പിക്കുകയും ചെയ്തു. പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ബന്ധപ്പെട്ട കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥനായ റാംഹാന്‍സ് പച്ചോരി മാധ്യമങ്ങളോട് പറഞ്ഞത്. പരാതി ലഭിക്കുകയും വിഷയത്തില്‍ കാമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.