മെക്സിക്കോയില്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ സംഘത്തിലെ പതിനൊന്ന് പേര് വെടിയേറ്റ് മരിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരു കുരങ്ങന്റെ മൃതദേഹവും കണ്ടെത്തി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച നിലയിലായിരുന്നു കുരങ്ങന്റെ മൃതദേഹം ചിത്രം വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതില്‍ പിടിച്ച് പലവിധത്തില്‍ ചര്‍ച്ചകളും നടന്നു.
ചൊവ്വാഴ്ച മെക്സിക്കോ സിറ്റി സ്റ്റേറ്റിലെ ടെക്സ്കാല്റ്റിറ്റ്ലാന് പട്ടണത്തിലാണ് ക്രിമിനല്‍ ഗ്രൂപ്പും അധികൃതരും തമ്മില്‍ വെടിവയ്പ്പുണ്ടായത്. ഇതേ തുടര്‍ന്നാണ് ഗുണ്ടാസംഘാംഗങ്ങള്‍ കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ കുപ്രസിദ്ധമായ ലാ ഫാമിലിയ മിക്കോക്കാന കാര്‍ട്ടലിന്റെ ഭാഗമായ യുവാവിന്റെ വളര്‍ത്തുമൃഗമാണ് ഈ കുരങ്ങെന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇതിനായി കുരങ്ങിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.
വെടിവയ്പില്‍ 10 പേര് സംഭവസ്ഥലത്താണ് മരിച്ചത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചതായും ദി മെക്സിക്കോ ഡെയ്ലി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തോക്കുകളും വാഹനങ്ങളും വെടിയുണ്ടകളും ഉള്‍പ്പടെ വിവിധ ആയുധങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. കൂടാതെ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പടെ തടവിലാക്കപ്പെട്ട പ്രതികളുടെ ചിത്രങ്ങളും സ്റ്റേറ്റ് ഓഫ് മെക്സിക്കോയിലെ അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ടതായി ഇന്‍ഫോബെ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു പതിനഞ്ചുകാരനും ഉള്‍പ്പെടുന്നു.