അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി. രാജീവ്. കേസിന്റെ തുടര്‍ നടപടികള്‍ തടസ്സപ്പെടാത്ത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും പി. രാജീവ് പറഞ്ഞു.
മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ മധുവിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചിരുന്നു.
കേസില്‍ നിന്നും ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി. ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല.
2018 ഫെബ്രുവരി 22-നാണ് മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മധുവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.