എട്ട് വയസുള്ളപ്പോഴാണ് യാഷിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായത്. ഗ്ലോക്കോമ ബാധിച്ച് യാഷ് സോനാകിയയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. എന്നാല്‍ സോഫ്റ്റ്വെയര് എഞ്ചിനീയറകാണമെന്ന യാഷിന്റെ സ്വപ്നങ്ങള്‍ക്ക് അത് തടസമായില്ല. മാതാപിതാക്കളും അധ്യാപകരും പിന്തുണച്ചതോടെ സ്വപ്ന സാക്ഷ്ത്ക്കാരത്തില് എത്തിയിരിക്കുകയാണ് യാഷ്. തന്റെ 25-ാം വയസില്‍ മൈക്രോസോഫ്റ്റില്‍ 47 ലക്ഷത്തിന്റെ വാര്‍ഷിക വരുമാനത്തിലാണ് യാഷിന് ജോലി ലഭിച്ചിരിക്കുന്നത്.
അഞ്ചാം ക്ലാസ് വരെ പ്രത്യേക പരിഗണന നല്കുന്ന സ്കൂളിലാണ് യാഷ് പഠിച്ചത്. പിന്നീട് സാധാരണ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ശ്രീ ഗോവിന്ദ്രം സെക്സാരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് 2021ലാണ് യാഷ് സോണകിയ ബി ടെക് ബിരുദം നേടിയത്. സ്ക്രീന്‍-റീഡര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് യാഷ് ജോലി അന്വേഷിക്കാന്‍ തുടങ്ങിയത്. കോഡ് പഠിച്ചതിന് ശേഷം മൈക്രോസോഫ്റ്റിലും അപേക്ഷിച്ചു. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തസ്തികയിലേക്ക് യാഷിനെ തെരഞ്ഞെടുക്കുന്നത്.
തുടക്കത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ ബംഗളൂരു ഓഫിസില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി ഉടന്‍ ചേരാനാണ് യാഷിന്റെ തീരുമാനം. മൂത്തമകനെ കുറിച്ച് ഏറെ സ്വപ്നങ്ങളുണ്ടായിരുന്നെന്ന് യഷിന്റെ പിതാവ് യശ്പാല്‍ പറയുന്നു. പ്രൊഫഷണല്‍ സോഫ്റ്റ് വയര്‍ എഞ്ചിനീയറാകാനുള്ള അവന്റെ സ്വപ്നം ഒരുപാട് പോരാട്ടങ്ങള്‍ക്ക് ശേഷം ഒടുവില്‍ സാക്ഷാത്കരിച്ചിരിക്കുകയാണ്. അതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.