മാധ്യമങ്ങളെ വിമര്‍ശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ടിവി ചര്‍ച്ചകളിലെയും സോഷ്യല്‍ മീഡിയയിലെയും ‘കങ്കാരു കോടതികള്‍’ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്ന് എന്‍.വി രമണ കുറ്റപ്പെടുത്തി. ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിനാണ് നടക്കുന്നത്. ജഡ്ജിമാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനാവില്ല. അത് നിസ്സഹായതയോ ദൗര്‍ബല്യമോ ആയി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
നവമാധ്യമങ്ങള്‍ക്ക് വലിയ പ്രചാരണം നല്‍കാനുള്ള കഴിവുണ്ട്. എന്നാല്‍ ശരിയും തെറ്റും, നല്ലതും ചീത്തയും, യാഥാര്‍ഥ്യവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. മാധ്യമവിചാരണകള്‍ കേസ് തീര്‍പ്പാക്കുമ്പോള്‍ അത് മാനദണ്ഡമാകാറില്ല. മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ പ്രയാസമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുകയാണ്. അച്ചടിമാധ്യമങ്ങള്‍ക്ക് ഇപ്പോഴും കുറച്ചു വിശ്വാസ്യതയുണ്ട്, എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തീരെ വിശ്വാസ്യതയില്ല, കാരണം അവര്‍ കാണിക്കുന്നതെല്ലാം വായുവില്‍ അപ്രത്യക്ഷമാവുകയാണ്. സോഷ്യല്‍ മീഡിയയുടെ അവസ്ഥ അതിലും മോശമാണെന്നും അദ്ദേഹം പറഞ്ഞു.