തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാര്‍ട്ടികളുടേയും പരിപാടികള്‍ക്ക് പോകുമെന്ന് പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ സേവ് കേരള ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
ബിജെപി പരുപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു.രാവിലെ കോണ്‍ഗ്രസ്, രാത്രി ബി.ജെ.പി. എന്നാണ് എന്നെക്കുറിച്ച് സി.പി.എം. പറയുന്നത്. അതെന്റെ പണിയല്ല. എനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ല.
മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെന്ഷന് ചോദിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് പെന്ഷന് വേണം. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. പിണറായിയുടേത് അല്ലാതെ ഏത് പാര്‍ട്ടി വിളിച്ചാലും താന്‍ പോകുമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി കൈകൂപ്പി നില്ക്കുന്ന ചിത്രമുയര്ത്തിയാണ് മറിയക്കുട്ടി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഒരുപാട് ആളുകള്‍ കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല. എത്ര പെണ്‍കുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പോലീസ് വലിച്ചുകീറിയത്. സ്ത്രീകളുടെ ശരീരത്തില്‍ തൊടാന്‍ പുരുഷ പോലീസിന് അനുവാദമില്ല. ഇതൊക്കെയാണ് താന്‍ വിളിച്ചുപറയുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.