കുതിരയെ ഓടിത്തോല്‍പ്പിച്ച് താരമായി ബ്രിട്ടീഷുകാരനായ റിക്കി ലൈറ്റ്ഫൂട്ട്. ശനിയാഴ്ച വെയില്‍സിലെ ലാന്‍വര്‍ട്ടിഡ് വെല്‍സില്‍ നടന്ന 22 മൈല്‍ (35 കിലോമീറ്റര്‍) ‘മാന്‍ വേഴ്സസ് ഹോഴ്സ്’ മാരത്തണിലാണ് റിക്കി കുതിരയെ പരാജയപ്പെടുത്തിയത്.
ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ഡിയര്ഹാം ഗ്രാമവാസിയാണ് റിക്കി. 37കാരനായ ഇദ്ദേഹം അഗ്നിശമന സേനാംഗമാണ്. 35 കിലോമീറ്റര്‍ ഓട്ടം രണ്ട് മണിക്കൂര്‍ 22 മിനിറ്റ് 23 സെക്കന്‍ഡിലാണ് റിക്കി ഓടിത്തീര്‍ത്തത്. ലെയ്ന്‍ ഹൗസ് ബോയ് എന്ന് പേരിട്ടിരിക്കുന്ന കുതിര രണ്ട് മണിക്കൂര്‍ 24 മിനിറ്റ് 24 സെക്കന്‍ഡിലാണ് 35 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്.
മാരത്തണില്‍ 15 വര്‍ഷത്തിന് ശേഷം കുതിരയെ തോല്‍പ്പിക്കുന്ന ആള് കൂടിയാണ് റിക്കി. 2007-ല്‍ ഫ്ലോറിയന്‍ ഹോള്ട്ടിംഗറാണ് അവസാനമായി കുതിരയുമായുള്ള മത്സരത്തില്‍ വിജയിച്ചത്.