എടിഎം കൊള്ളയടിക്കുന്നതിനെ കുറിച്ച് റാപ്പ് ഗാനം തയ്യാറാക്കി യൂട്യൂബില്‍ പങ്കുവച്ച യുവാവ് എടിഎം കവര്‍ച്ച നടത്തിയതിന് അറസ്റ്റില്‍. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. മുപ്പതുകാരനായ ലേഡിഷന് റിലേയാണ് അറസ്റ്റിലായത്. നാഷ്വില്ലിലെ തോംസണ്‍ ലെയ്നിലെ ബാങ്ക് ഓഫ് അമേരിക്കയുടെ എടിഎമ്മിലാണ് കവര്‍ച്ച നടത്തിയത്. കുറ്റം ചുമത്തപ്പെട്ട നാല് പേരില്‍ ഒരാളാണ് ലേഡിഷന്.
ഡാരിയസ് ദുഗാസ്, സാഷോന്ദ്രെ ഡുഗാസ്, ക്രിസ്റ്റഫര്‍ ആള്‍ട്ടണ്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. നാല് പേരും ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്നുള്ളവരാണ്. റിലേയുടെ റാപ്പിന്റെ പേര് ‘213 ജഗ്ഗ് ഗോഡ്’ എന്നാണ്. അടുത്തിടെയാണ് ‘മേക്ക് ഇറ്റ് ഹോം’ എന്ന പേരില്‍ ഒരു സംഗീത വിഡിയോ അവര്‍ ഷെയര്‍ ചെയ്തത്. അതില്‍ സംസ്ഥാനത്തെ എടിഎമ്മുകള്‍ പതിവായി കൊള്ളയടിക്കപ്പെടുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ വാഹനത്തില്‍ പണം ഉണ്ടെന്നും അത് കൊള്ളയടിക്കപ്പെടാതെ വീട്ടിലെത്തുക എങ്ങനെ എന്നതിനെ കുറിച്ചുമെല്ലാം പരാമര്‍ശിക്കുന്നു.
മോഷ്ടാക്കള്‍ എന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേര്‍ എടിഎമ്മിലുണ്ടായിരുന്നയാളെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മണ്ടത്തരങ്ങള്‍ ഒന്നും ചെയ്യരുതെന്നും പണം കൈമാറണമെന്നും പറയുകയും ചെയ്തു. വാടകയ്ക്കെടുത്ത വാഹനത്തിലെത്തിയാണ് മോഷണം നടത്തിയത് എന്നും കണ്ടെത്തുകയായിരുന്നു. പിന്നീട് വാഹനം പിന്തുടര്ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.