തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവ് ചികിത്സ തേടാന്‍ എന്തുകൊണ്ട് വൈകി എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. യുവാവ് ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും ബാധിച്ചാണ്. കുരങ്ങുവസൂരിമൂലം സാധാരണ ഗതിയില്‍ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചു.
21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. 27 ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. എന്തുകൊണ്ട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകിയെന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്റെ സാമ്പിള്‍ ഒരിക്കല്‍ കൂടി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുമെന്നും യുവാവിന് മറ്റ് ചില രോഗങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
മറ്റിടങ്ങളില്‍ രോഗബാധിതരുമായി ഇടപെട്ട ആളുകള്‍ക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകര്‍ച്ച വ്യാധി ആണങ്കിലും കുരങ്ങുവസൂരിക്ക് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22കാരനാണ് ഇന്നലെ രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.