വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആളെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിനവിള പുത്തന്‍വീട്ടില്‍ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്രതികളുടെ ബന്ധുവാണ് ജയപാലന് എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കേസില്‍ സാക്ഷിയായ വ്യക്തിയുടെ സുഹൃത്തുക്കളോട് ഈ വരുന്ന ഒന്നാം തീയതി വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി കേസ് വിളിക്കുമെന്നും നിലവില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് കുറ്റം കെട്ടി ചമച്ചത് ആണെന്ന് പറയണമെന്നും ജയപാലന് പറഞ്ഞു. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സാക്ഷിയെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടിയുണ്ടായിരിക്കുന്നത്.
2018 ഏപ്രില്‍ 20 നാണ് ലിത്വാനിയ സ്വദേശിനിയുടെ മൃതദേഹം പനതുറയ്ക്ക് സമീപം കണ്ടെത്തുന്നത്. സംഭവത്തില്‍ ഉമേഷ്, ഉദയന്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിചാരണ നടക്കാന്‍ പോകുന്നതിനിടയിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരിക്കുന്നത്.