അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കിടെ മലയാളി യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ചരക്ക് കപ്പല്‍ ജീവനക്കാരനായ കോട്ടയം കുറിച്ചി സ്വദേശി ജസ്റ്റിന് കുരുവിളയെയാണ് കാണാതായത്.
ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനാണ് ജസ്റ്റിന് കുരുവിള. ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പല്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചു. ഇതോടെ ജസ്റ്റിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്റ്റിന്റെ അമ്മ അവസാനമായി മകനുമായി ഫോണില്‍ സംസാരിച്ചത്. ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വിഡിയോ കോളില്‍ ജസ്റ്റിന് പറഞ്ഞിരുന്നു. ഞായറാഴ്ച മുതല്‍ ജസ്റ്റിനെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. യാത്രയിലായതിനാല്‍ നെറ്റ്വര്‍ക്ക് പ്രശ്നം കാരണമായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കപ്പല്‍ കമ്പനിയുടെ അധികൃതര്‍ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.