പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
അസുഖത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു. എന്നാല്‍ ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. അഞ്ചുവയസുകാരനായ ഋഷിയുടെ മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ എത്തിയില്ലെന്നും പരാതിയുണ്ട്. കുട്ടി മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടറോ ആരോഗ്യ പ്രവര്‍ത്തകരോ എത്തിയില്ലെന്നും കുടുംബം പറഞ്ഞു.
സംഭവത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടറോട് വിശദീകരണം തേടി. ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതെന്നാണ് ഡോക്ടര്‍ നല്കിയ വിശദീകരണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജബല്‍പൂരിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.