സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സാധാരണ വെള്ളവസ്ത്രം ധരിച്ചാണ് സ്റ്റാലിന് പൊതുനിരത്തില്‍ എത്തുന്നത്. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുബായിലെ ലുക്ക്.
പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ട ചര്ച്ചയ്ക്കുള്പ്പെടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത്. യുഎഇ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം തമിഴ്നാട്ടില്‍ പ്രവാസി നിക്ഷേപം ഉറപ്പാക്കി. തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ലുലു ഗ്രൂപ്പുമായി സ്റ്റാലിന് കരാര്‍ ഒപ്പുവെച്ചു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, ലോജിസ്റ്റിക്സ് സെന്ററുകള്‍ എന്നിവ ലുല ഗ്രൂപ്പ് ആരംഭിക്കും.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സ്റ്റാലിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്. സന്ദര്‍ശനം പൂര്‍ണവിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.