‘ആശങ്ക വേണ്ട, മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയന് എം.കെ സ്റ്റാലിന്റെ മറുപടി

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്. അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നും എം.കെ സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ ഉറപ്പ് നല്‍കി.

മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ആശങ്ക അറിയിച്ച് ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എം കെ സ്റ്റാലിന് കത്തയച്ചത്. അണക്കെട്ടിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിച്ച് ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് എത്തിക്കാന്‍ അടിയന്തരമായ ഇപെടലുണ്ടാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.