സര്‍ക്കാരുമായി തുറന്ന പോരിനിറങ്ങിയിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് വിശദീകരണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയായുകൊണ്ടാണ് എക്സൈസ് മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവര്‍ണറെ കാണാനെത്തിയിട്ടുണ്ട്. ഇന്ന് ഡല്‍ഹിക്ക് പോയാല്‍ ഒക്ടോബര്‍ മൂന്നിനു മാത്രമേ ഗവര്‍ണര്‍ തിരിച്ചെത്തുകയുള്ളൂ.
നിലവില്‍ അഞ്ചു ബില്ലുകളില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സര്‍വകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളില്‍ എപ്പോള്‍ ഒപ്പിടുമെന്നതില്‍ വ്യക്തതയില്ല. ബില്ലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവര്‍ണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്.