സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടിയ യുവാവിന് മുന്നില്‍ കരുണയുടെ കരങ്ങളുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. ലോക കേരള സഭയില്വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന് യൂസഫലിയോട് സഹായമഭ്യര്‍ഥിച്ചത്.
സൗദി കമീസിലായിരുന്നു എബിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് അദ്ദേഹം മരണപ്പെട്ടു. നോര്‍ക്കയില്‍ പരാതിപ്പെട്ടതോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞുവെന്ന് അറിഞ്ഞു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലാത്ത സാഹചര്യമാണ്. അച്ഛന്റെ കൂട്ടുകാരന് വഴിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും മൂന്നു വര്‍ഷമായി താന്‍ അച്ഛനെ കണ്ടിട്ടെന്നും എബിന് യൂസഫലിയോട് പറഞ്ഞു.
ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടാന്‍ തന്റെ മാനേജറോട് ആവശ്യപ്പെട്ട യൂസഫലി വേദിയില്‍ വച്ച് തന്നെ സൗദിയിലേക്ക് വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്കി. ഇതിനിടെ മറ്റൊരു വ്യക്തി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതൊരു സീരിയസ് ഇഷ്യൂ ആണ്. സ്വന്തം അച്ഛന് മരിച്ചിട്ട് ബോഡി കിട്ടാത്ത വിഷയമാണ്. തിരക്ക് കൂട്ടല്ലേ എന്നും അദ്ദേഹം പറയുന്നുണ്ട്.