ആഴ്ചകള്‍ക്ക് മുമ്പ് ലണ്ടനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ആഡംബര കാറായ ബെന്റ്ലി പാകിസ്താനിലെ കറാച്ചിയില്‍ കണ്ടെത്തി. പാകിസ്താനിലെ ഒരു ബംഗ്ലാവില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മൂന്ന് ലക്ഷം ഡോളറാണ് കാറിന്റെ വില. യുകെ ദേശീയ ക്രൈം ഏജന്‍സിയില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പാക് കളക്ടറേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്.
കാറിന്റെ ട്രാക്കിംഗ് സംവിധാനം നീക്കം ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ മോഷ്ടാക്കള്‍ക്ക് സാധിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിലെ നൂതന ട്രാക്കിംഗ് സംവിധാനത്തിലൂടെയാണ് വാഹനത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താള്‍ യു.കെ ക്രൈം ഏജന്‍സിക്ക് സാധിച്ചത്. പാക് രജിസ്ട്രേഷനും നമ്പര്‍ പ്ലേറ്റുമാണ് കാറിനുണ്ടായിരുന്നത്. പരിശോധിച്ചപ്പോള്‍, യുകെ അധികൃതര്‍ നല്കിയ വാഹനത്തിന്റെ വിശദാംശങ്ങളുമായി കാറിന്റെ നമ്പറിന് പൊരുത്തമുണ്ടെന്ന് കണ്ടെത്തി. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കാര്‍ പിടിച്ചെടുത്തു. തനിക്ക് ഒരു ബ്രോക്കറാണ് കാര്‍ വിറ്റതെന്ന് ഉടമസ്ഥന് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു.
യൂറോപ്യന്‍ രാജ്യത്തിലെ ഒരു നയതന്ത്രജ്ഞന്റെ രേഖകള്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ കാര്‍ പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വാഹനം കടത്തിയതു വഴി കോടികളുടെ നികുതി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു.