ഫ്ളോറിഡയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി. പ്രദേശത്തെ മറ്റ് ജീവികളുടെ നിലനില്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ കുറേ നാളുകളാണ് പ്രദേശത്ത് പെരുമ്പാമ്പുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
18 അടി (5.4 മീറ്റര്‍) നീളവും 98 കിലോഗ്രാം ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് അധികൃതര്‍ ദയാവധത്തിലൂടെ കൊന്നത്. എവര്‍ഗ്ലേഡിലെ ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരു പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പെണ്‍പെരുമ്പാമ്പിനെ ആകര്‍ഷിച്ചത്. ഇതുവരെ ഫ്ളോറിഡയില്‍ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പിനേക്കാള്‍ 13 കിലോ കൂടുതലാണ് ഇതിന്റെ ഭാരം. 20 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബയോളജിസ്റ്റുകള്‍ അതിനെ പിടികൂടിയത്. ഈ പെരുമ്പാമ്പ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്റെ വയറ്റില്‍ 122 മുട്ടകളുണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ആണ് പെരുമ്പാമ്പിന് 16 അടിയായിരുന്നു നീളം. പിടികൂടിയ പെണ്‍പെരുമ്പാമ്പിന് 20 വയസ് പ്രായം വരുമെന്ന് കരുതുന്നു. പ്രദേശത്തെ ആവാസവ്യവസ്ഥയിലെ തദ്ദേശീയ ജീവികളെ സംരക്ഷിക്കുന്നതിനായി ഗവേഷകര്‍ 10 വര്‍ഷത്തിലേറെയായി ഫ്ളോറിഡയില്‍ പെരുമ്പാമ്പുകളെ വേട്ടയാടുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പാമ്പിനെ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയും ഏറ്റവും നീളമുള്ള പാമ്പിനെ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം ഒരുലക്ഷം രൂപയുമാണ് സമ്മാനം. കഴിഞ്ഞ വര്‍ഷത്തെ വിജയി 233 പെരുമ്പാമ്പുകളെയാണ് പിടിച്ചത്. പിന്നീട് ഇവയെ എല്ലാം ദയാവധം നടത്തി.