കോമണ്‍വെല്‍ത്ത് ഗെയിംസ്: പി.വി സിന്ധുവിന് പിന്നാലെ ലക്ഷ്യ സെന്നിനും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ പി.പി സിന്ധുവിന് പിന്നാലെ ലക്ഷ്യ സെന്നിനും സ്വര്‍ണം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലേഷ്യന്‍ താരം ങ് സി യോങ്ങിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ സ്വര്‍ണവേട്ട.

വനിതാ സിംഗിള്‍സില്‍ നിന്ന് വ്യത്യസ്തമായി വാശിയേറിയ പോരാട്ടമായിരുന്നു ലക്ഷ്യയും യോങ്ങും തമ്മില്‍ നടന്നത്. ആദ്യ ഗെയിമില്‍ ലക്ഷ്യ തലനാരിഴയ്ക്കു പരാജയപ്പെട്ടു. എന്നാല്‍, രണ്ടാം ഗെയിം ഏകപക്ഷീയമായി പിടിച്ചെടുത്തു. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചു പോരാടിയ ശേഷം മലേഷ്യന്‍ താരം കീഴടങ്ങുകയായിരുന്നു.

നേരത്തെ വനിതാ സിംഗിള്‍സ് ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലീയെ പരാജയപ്പെടുത്തി പി.വി സിന്ധു സ്വര്‍ണം നേടിയിരുന്നു. കാലിലെ പരുക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേല്‍ ലീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്.
ഒരു രാജ്യാന്തര കായികമാമാങ്കത്തില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടം കൂടിയാണിത്.