തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് പ്രിയദര്‍ശനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍. ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതുമായി ബന്ധപ്പെടുത്തിയാണ് കെടി ജലീലിന്റെ വിമര്‍ശനം.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകന് പ്രിയദര്ശന്.
ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദര്‍ശന്റെകൂടി ബുദ്ധിയാണ് എന്ന് ജലീല്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചോയെന്നും ജലീല്‍ ചോദിച്ചു.
അതേസമയം നവാഗതസംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന്റെ പേര് ഇനി വെറും നവാഗതസംവിധായകചിത്രത്തിനുള്ള പുരസ്കാരം എന്നായിരിക്കുമെന്ന് അറിയിച്ചിരുന്നു.
ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന്റെ പേരില്‍നിന്ന് വിഖ്യാതനടിയായിരുന്ന നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.
വാര്‍ത്താവിതരണമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി നീരജാ ശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ചലച്ചിത്ര പുരസ്കാരങ്ങളില് നിന്നും ഇന്ദിര ഗാന്ധിയെ ഒഴിവാക്കിയത്. പ്രിയദര്ശന് ഉള്‍പ്പെടുന്നതാണ് സമിതി.