അപൂർവരോഗം ബാധിച്ച 11 വയസുകാരനായ കുട്ടിക്രിക്കറ്റ് താരത്തിന് ചികിത്സാ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെയുടെ ശസ്ത്രക്രിയക്ക് 31 ലക്ഷം രൂപയാണ് രാഹുൽ നൽകിയത്.
കുട്ടിക്ക് അടിയന്തരമായി ചെയ്യേണ്ട ബോൺമാരോ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയായിരുന്നു ചെലവ്. അതിൽ 31 ലക്ഷം രൂപയും നൽകാൻ രാഹുൽ തയ്യാറാവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവവരോഗം ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്ചാം ക്ലാസുകാരനായ വരദ്. രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറഞ്ഞതിനെത്തുടർന്ന് വരദിന്റെ പ്രതിരോധ ശേഷിയും കുറഞ്ഞു വരികയായിരുന്നു. ഇതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു.
എന്നാൽ ആശുപത്രി നിർദേശിച്ച 35 ലക്ഷം രൂപ വരദിന്റെ കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. ഇതോടെ കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ ചികിത്സാ സഹായത്തിനായി രക്ഷിതാക്കൾ അക്കൗണ്ട് രൂപീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ കുട്ടിയുടെ രോഗ വിവരം അറിഞ്ഞതോടെയാണ് കെ.എൽ രാഹുൽ സഹായവുമായി എത്തിയത്.