ഐഎസ്എല്ലിൽ സെമി ഫൈനല്‍ സാധ്യത നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നാണ് മൂന്നാം ഗോൾ നേടിയത്.
ആല്‍വാരോ വാസ്ക്വസിന്റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ വണ്ടര്‍ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുന്നത്. ജയത്തോടെ 19 കളികളില്‍ 33 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. തോല്‍വിയോടെ 19 കളികളില്‍ 31 പോയന്റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല.