മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖര്‍ ചിത്രത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിത ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക് ടൈംസ്.
മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ പ്രശംസിക്കുന്നു. ലോകത്തിന് മുന്നില്‍ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തില്‍ പറയുന്നു.
ബോളിവുഡ് സിനിമകളുടെ ഗ്ലാമര്‍ ലോകത്തിനപ്പുറം യഥാര്‍ത്ഥ ജീവിതങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ട് നില്‍ക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. ചിത്രം കേരളത്തില്‍ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തില്‍ പറയുന്നു.
നവംബര്‍ 23 നാണ് കാതല്‍ റിലീസ് ചെയ്തത്. ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്.
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസാണ്.