ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും മാത്രം നല്‍കിയത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്ത്തകന് കാന്‍സര്‍ ബാധിച്ചു മരിച്ചു. പവന് ജയ്സ്വാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.
2019 ലാണ് പവന് ജയ്സ്വാള്‍ വിഡിയോ സഹിതം സ്കൂളിലെ വാര്‍ത്ത പുറത്തുവിട്ടത്. മിര്‍സാപൂരിലെ ജമാല്‍പൂര്‍ ബ്ലോക്കില്‍പ്പെട്ട സിയൂര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ വരാന്തയിലിരുന്ന് റൊട്ടി ഉപ്പുചേര്‍ത്ത് കഴിക്കുന്നതായിരുന്നു വാര്‍ത്ത. ജയ്സ്വാള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജില്ലാ ഭരണകൂടം സ്കൂളിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്തിലെ സൂപ്പര്‍വൈസറെയും പെട്ടെന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പൊലീസ് പവനെതിരെ കേസെടുത്തിരുന്നു.
യു.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത് എന്നായിരുന്നു ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ നല്കിയ പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ താന്‍ പുറത്തുവിട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു ജയ്സ്വാളിന്റെ പ്രതികരണം. കാന്‍സര്‍ ബാധിച്ച ശേഷം പവന് ജയ്സ്വാള്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് പവന് പണം പിരിച്ചുനല്‍കിയിരുന്നു.