ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. പന്ത് മനോഹരമായാണ് ബാറ്റ് വീശുന്നതെന്ന് ഇര്ഫാന് പത്താന് അഭിപ്രായപ്പെട്ടു. ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം കൂടെ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നും പത്താന് പറഞ്ഞു.
ഓരോ കളി കഴിയുമ്പോഴും റിഷഭ് പന്തിന്റെ കളി മെച്ചപ്പെട്ട് വരികയാണ്. ഒരു സമയത്ത് ലെഗ് സൈഡിലേക്ക് മാത്രമായിരുന്നു അവന് ഷോട്ടുകള്‍ പായിച്ചിരുന്നത്. ഇപ്പോള്‍ ഓഫ്സൈഡിലേക്കും അവന് മനോഹരമായി ഷോട്ടുകള്‍ പായിക്കുന്നു. വെറും 24 വയസാണവന്. ഈ കളി തുടര്‍ന്നാല്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്യുന്ന വിക്കറ്റ് കീപ്പറായി അവന് മാറുമെന്നും ഇര്ഫാന് പത്താന് പറഞ്ഞു.
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിംഗ്സില്‍ പന്ത് വെറും 28 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ചിരുന്നു. ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയാണിത്. കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 30 പന്തില്‍ നിന്നാണ് കപില്‍ അര്‍ധസെഞ്ച്വറി തികച്ചത്.