ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍. തിരുപ്പതി വെങ്കട്ടപുരം സ്വദേശിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ വേണുഗോപാല്‍(30)ആണ് ഭാര്യ പത്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. അകന്നു കഴിയുകയായിരുന്ന ഭാര്യയെ തിരികെ കൊണ്ടുവന്ന ശേഷം അടിച്ചുകൊല്ലുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തില്‍ എന്‍ജിനീയറായിരുന്നു വേണുഗോപാല്‍. ഒരു വര്‍ഷം മുന്‍പാണ് എന്‍ജിനീയറായ പത്മയെ വേണുഗോപാല്‍ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മില്‍ വഴക്കിലായി. സ്വന്തം വീട്ടിലേക്ക് മടങ്ങിയ പത്മ, വേണുഗോപാലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയെങ്കിലും ആറ് മാസം മുന്‍പ് വീണ്ടും പ്രശ്നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ജനുവരി അഞ്ചിന് അനുനയ നീക്കവുമായി പത്മയുടെ വീട്ടിലെത്തിയ വേണുഗോപാല്‍ അവരുടെ മാതാപിതാക്കളേയും വിദഗ്ധമായി കൈയിലെടുത്തു. തുടര്‍ന്ന് പത്മയുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ വേണുഗോപാല്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചു. അടിയേറ്റ പത്മ തത്ക്ഷണം മരിച്ചു വീണു. മരണം ഉറപ്പായതോടെ വേണുഗോപാല്‍ മൃതദേഹം സ്യൂട്ട്കേസിലാക്കി സമീപത്തെ തടാകത്തില്‍ തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈദരാബാദിലേക്ക് കടന്നു. പത്മയെ കാണാനില്ലെന്ന് കാണിച്ച് കാണിച്ച് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. വേണുഗോപാല്‍ കുറ്റംസമ്മതിക്കുകയും ചെയ്തു. കേസില്‍ വേണുഗോപാലിന്റെ ബന്ധുക്കളെയും പ്രതിചേര്‍ത്തേക്കും.