പതിനാറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി പ്രാദേശിക അധികാരികള്‍. ലോക്കല്‍ പൊലീസും ജില്ലാ ഭരണകൂടവും ഉള്‍പ്പെടെ എത്തിയാണ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. അറസ്റ്റിലായ ആറു പ്രതികളില്‍ മൂന്നുപേരുടെ വീടുകളാണ് തകര്‍ത്തത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കേസിലെ പ്രതികളുടെ വീട്ടിലെത്തിയ അധികാരികള്‍ നടപടി സ്വീകരിക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്താനും ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനുശേഷം അവരുടെ വീടുകളിലും നടപടിയുണ്ടാകും.
ശനിയാഴ്ച ഉച്ചയ്ക്കാണ് രേവ ജില്ലയിലെ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപത്തുവച്ച് പതിനാറുകാരി പീഡനത്തിനിരയായത്. ശനിയാഴ്ച പ്രതിശ്രുതവരനോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെയാണ് പീഡനം നടന്നത്. പ്രതികള്‍ യുവാവുമായി വഴക്കുണ്ടാക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മാനഹാനി ഭയന്ന് ആദ്യം പരാതി നല്കാന് പെണ്‍കുട്ടിയുടെ കുടുംബം മടിച്ചിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി കൗണ്‍സിലിങ് നടത്തിയതിന് ശേഷമാണ് പരാതി നല്കാന് കുടുംബം തയ്യാറായത്.
പ്രതികളില്‍ മൂന്ന് പേരെ ശനിയാഴ്ച രാത്രി രേവയില്‍ നിന്ന് പിടികൂടി. മറ്റ് രണ്ട് പേരെ ഞായറാഴ്ച വൈകുന്നേരം മുംബൈയില്‍ നിന്നാണ് പിടികൂടിയത്. ഒരു പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.