കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം.
തയ്യല്‍ക്കാരിയാണ് പ്രമീള. പെട്ടിക്കടയില്‍ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോഴാണ് കുഴിയിലേക്ക് വീണത്. രണ്ട് കണങ്കാലുകളും ഒടിഞ്ഞ നിലയിലാണ്. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വെള്ളക്കുഴി കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പ്രമീള പറയുന്നത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കൊച്ചി കോര്പ്പറേഷന് തിരിഞ്ഞ് നോക്കിയില്ലെന്നും പ്രമീള ആരോപിക്കുന്നു. പ്രമീള വീണ കുഴി താത്ക്കാലികമായി കല്ലുവച്ച് അടച്ചു. ഇനിയും ഇവിടെ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊച്ചിയിലെ വെളളക്കെട്ടിനെതിരെ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. പ്രശ്നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു.