ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന പി.പി ചിത്തരഞ്ജന് എംഎല്‍എയുടെ പരാതി ഫലം കണ്ടു. ആലപ്പുഴ കണിച്ചുകുളങ്ങരയിലുള്ള ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു.
ഹോട്ടലില്‍ അമിത വില ഈടാക്കുന്നുവെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ചിത്തരഞ്ജന് എംഎല്‍എ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കളക്ടര്‍ എംഎല്‍എയെ അറിയിച്ചിരുന്നു.
പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഹോട്ടല്‍ ഉടമകള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.