നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. ഇതോടെ, വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ തുടരും. കോടതി മാറ്റത്തിനെതിരെ അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് നടപടി.
വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫിസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.