തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ തെരുവ് നായ്ക്കളെ കൊന്ന സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ഇന്നലെയാണ് അഞ്ച് തെരുവുനായ്ക്കളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം. ഏത് വിഷമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇടുക്കിയില്‍ നിര്‍മല സിറ്റി സ്വദേശി ലളിതാ സോമനാണ് കടിയേറ്റത്. രാവിലെ കടയില്‍ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയ മകനാണ് നായയെ തുരത്തിയത്. പരുക്കേറ്റ ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നിര്‍മ്മല സിറ്റിയില്‍ തന്നെയുള്ള പ്ലാത്തോട്ടത്തില്‍ അരുണ്‍ മോഹനും പട്ടി കടിയേറ്റു. രാത്രി വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് അരുണിനെ തെരുവുനായ കടിച്ചത്.