കൊവിഡ് രോഗമുക്തി നേടി രണ്ട് വര്‍ഷം കഴിഞ്ഞും രോഗലക്ഷണം; പഠനം

കൊവിഡ് രോഗമുക്തി നേടി രണ്ട് വര്‍ഷം കഴിഞ്ഞവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. ലാന്‍സെറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇവരില്‍ കൊവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയില്‍ വലിയ വ്യത്യാസം ഉള്ളതായി കണ്ടെത്തി.

ചൈനയില്‍ രോഗം ബാധിച്ച 1192 പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍. കുറഞ്ഞത് അമ്പത് ശതമാനം ആളുകളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ആന്തരിക അവയവങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും രോഗത്തിനാസ്പദമായ ലക്ഷണങ്ങളും രോഗത്തിന്റെ ആഘാതവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവരില്‍ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, മറ്റുള്ളവരെ അപേക്ഷിച്ച് ക്ഷീണം കൂടുതലാവുക, ഉറങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ നിരന്തരമായി കാണപ്പെടുന്നു. അതിനാല്‍ കൊവിഡിന് ശേഷം ജീവിതശൈലിയില്‍ വളരെയധികം ശ്രദ്ധപുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.