ഗുജറാത്തിലെ എം.എല്‍.എ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ. അഹമ്മദാബാദിലെ മോട്രോ പൊളിറ്റന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016ല്‍ റോഡ് ഉപരോധിച്ചതിന് എടുത്ത കേസിലാണ് നടപടി. നിയമ വകുപ്പിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.
കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് വിധി പ്രസ്താവിച്ചത്. ആറു മാസം തടവും 700 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിയെ ചോദ്യംചെയ്യാന്‍ പ്രതികളെ അനുവദിച്ചുകൊണ്ട് ഉത്തരവ് കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. രാകേഷ് മഹേരിയ, സുബോധ് പര്‍മര്‍, ദീക്ഷിത് പര്‍മര്‍ തുടങ്ങി 18 പേര്‍ക്കും മേവാനിക്കൊപ്പം കോടതി ശിക്ഷ വിധിച്ചു.
വദ്ഗാമില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ് മേവാനി. വിധിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനെതിരെ ജിഗ്നേഷ് മേവാനി ആഞ്ഞടിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ ബലാത്സംഗികളെയും ജയിലില്‍ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി ആര് പാട്ടീലിനെതിരെ 108 കേസുകള്‍ ഉണ്ട്. എന്നാല്‍ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരില്‍ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ജിഗ്നേഷ് പറഞ്ഞു.