കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ ഏഴാം പ്രതി മണിച്ചന് ജയില്‍മോചിതനാകും. മണിച്ചനടക്കം ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചു. ഇതോടെ മണിച്ചനൊപ്പം വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 32 പേര് കൂടി ജയില്‍മോചിതരാകും.
കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മണിച്ചന് കഴിഞ്ഞ 22 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. മണിച്ചനടക്കമുള്ള പ്രതികള്‍ക്ക് മോചനം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് സംസ്ഥാനത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 33 പേരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ശുപാര്‍ശയില്‍ വിവേചനമുണ്ടെന്നും അതുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. തുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷമാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്.