വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍. മെയ് പതിനൊന്ന് മുതല്‍ ഇത് സംബന്ധിച്ച നടപടിയുണ്ടാകും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
മെയ് 11 മുതല്‍ ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡര്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കില്ല. വോയ്സ് കോളിംഗിനെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ.
മുന്‍കൂട്ടി സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുന്ന ഡിഫോള്‍ട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്മാര്‍ട്ട്ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്കില്‍ അത് നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിള്‍ പറയുന്നു. 2022 മെയ് 11 മുതല്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകില്ലെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കുന്നു.